Friday, November 7, 2008

ഞാനും ഒരു ‘ബ്ലോ‘ഗിയായി!

ബ്ലോഗുകള്‍ കണ്ട് കണ്ട് വായിച്ച് വായിച്ച് വായിച്ച് അവസാനം ഞാനും ഒരു ‘ബ്ലോഗി’ അല്ലെങ്കില്‍ ‘ബ്ലോഗിനി’ യായി.
ബ്ലോഗര്‍ എന്ന് പറയുന്നത് ബഹുവചനമാണെന്നാണ് മണ്‍‌മറഞ്ഞ വി.കെ.എന്‍ സാറ് പഠിപ്പിച്ചിട്ടുള്ളത്.(ഡ്രൈവര്‍എന്നത് ബഹുവചനമാണ്.ഡ്രൈവന്‍ ആണ് ഏകവചനം എന്നാണല്ലോ പയ്യന്‍സ് പാഠം)
ബ്ലോഗര്‍ ബഹുവചനമായതുകൊണ്ട് ഏകവചനത്തില്‍ പുല്ലിംഗമായാല്‍ ബ്ലോഗനും സ്ത്രീലിംഗമായാല്‍ ബ്ലോഗി അല്ലെങ്കില്‍ ബ്ലോഗിനി.
എന്തിഗിനിയെങ്കിലുമാവട്ടെ കുറച്ച് വര്‍ത്തമാനങ്ങള്‍ എനിക്കും ഇവിടെപറയാമല്ലോ. പൊതുവെ ആണുങ്ങളുടെ പണിയായ കമന്റടിക്കല്‍ ഇവിടെ എനിക്കും നിര്‍ഭയം ആകാമല്ലോ.
പലബ്ലോഗുകളും വായിച്ചപ്പോള്‍ എനിക്കും ഇതുപോലൊന്ന് തുടങ്ങണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്.
പക്ഷെ കണവനും കുട്ടിയുമുള്ള എനിക്ക് സമയം കേന്ദ്രം കേരളത്തിനനുവദിച്ച റേഷന്‍ ക്വാട്ടപോലെയാണ്. എങ്കിലും ഒരുപാട് നാളത്തെ പരിശ്രമത്തിനുശേഷം കീമാനും മലയാളമെഴുത്തുമെല്ലാം ഒരുവിധം പഠിച്ചു. അങ്ങനെ ഇതാ എന്റെ ആദ്യബ്ലോഗ് പിറക്കുന്നു.
തെറ്റുകളും പോരായ്മകളും മാന്യബ്ലോഗര്‍മാരെല്ലാം ചൂണ്ടിക്കാണിക്കുമെന്ന വിശ്വാസത്തോടെ.

ഓര്‍മ്മകളില്‍ സൂക്ഷിച്ചുവെച്ച പൊട്ടിയതെങ്കിലും ഉപേക്ഷിക്കാനാവാത്ത കുറേ വളപ്പൊട്ടുകളെ ഞാന്‍ ഇവിടെ നിരത്തിവെക്കാനിഷ്ടപ്പെടുന്നു. ഹൃദയം മുറിച്ചുപൊട്ടിവീണവയും ഞാനറിയാതെ ഉടഞ്ഞുപോയവയുമെല്ലാം എന്റെ ഓര്‍മ്മയുടെ പളുങ്ക്പാത്രത്തില്‍നിന്ന് ഈതാളിലേക്ക് പകര്‍ത്താനാഗ്രഹിക്കുന്നു. സമയസന്ദര്‍ഭങ്ങള്‍ കടാക്ഷിച്ചാല്‍ വീണ്ടും കാണാം.