ആപ്രാവശ്യം ഉപ്പ ഗൾഫിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതായിരുന്നു ‘ഫ്രോഗർ‘ എന്ന് പേരുള്ള ആഗെയിം.
ഭംഗിയുള്ള പ്ലാസ്റ്റിക് കൂടിനകത്തെ സ്ക്രീനിൽ പ്രകാശിക്കുന്ന തവളകൾ കീഞെക്കുന്നതിനനുസരിച്ച് ചാടിചാടി നീങ്ങുന്ന ഒരുതരം ഗെയിമായിരുന്നു അത്.
ഉമ്മ പയുന്നതൊന്നും കേൾക്കാതെ ഞാൻ എപ്പോഴും ഈ ഗെയിം കൊണ്ട് കളിച്ചിരിക്കുന്നത് പലപ്പോഴും ഉമ്മയുടെ കോപത്തിന് എന്നെ പാത്രമാക്കി.
കുറേ കാലം അതും കൊണ്ട് കളിച്ചപ്പോൾ എനിക്കൊരു മോഹം അതൊന്ന് തുറന്ന് പരിശോധിക്കണം!.
അങ്ങിനെ ഒരു ദിവസം വൈകിട്ട് സ്കൂൾ വിട്ട്‌വന്നശേഷം ഞാൻ അത് തുറക്കാൻതീരുമാനിച്ചു.
പറ്റിയ സ്ക്രൂഡ്രൈവറൊന്നും കിട്ടിയില്ലെങ്കിലും വല്ലഭന് പുല്ലും ആയുധമെന്ന് പറഞ്ഞപോലെ ഉമ്മകാണാതെ അകത്തുനിന്നും ചുണ്ടുള്ള കറിക്കത്തിയെടുത്ത് കൊണ്ടുവന്ന് ഗവേഷണം ആരംഭിച്ചു.
ഒരു പാട് ബുദ്ധിമുട്ടി ഒരുവിധം അതിന്റെ സ്ക്രീനിന്റെ ഭാഗം തുറന്നു. സ്ക്രീനിനുമുകളിൽ എക്സ്‌റേ ഫിലിം പോലുള്ള ഒരു പാളി ഞാൻകണ്ടു. അത് ഇളക്കിമാറ്റി. ഓൺ ചെയ്തപ്പോൾ അതുവരേ വ്യക്തമായി കണ്ട തവളകളെ അവ്യക്തമായ എന്തോ ചൈനീസ് അക്ഷരങ്ങളായി കണ്ടു.
ഞാൻ ഇളക്കിമാറ്റിയ ആ എക്സ്‌റേ കഷ്ണം പോലുള്ള പാളിയെ അൽപ്പം ഉയർത്തി അതിലൂടെ നോക്കുമ്പോൾ തവളകൾ വ്യക്തമായി കത്തിതിളങ്ങികാണുകയും ചെയ്യുന്നു!
അപ്പോഴാണ് എനിക്ക് ടെക്‌നിക്ക് പിടികിട്ടിയത്. ആപാളിയിലൂടെ നോക്കുന്ന ആൾക്ക് മാത്രമേ സ്ക്രീനിലെ തവളകളെ കാണാനും കളി ആസ്വദിക്കാനും പറ്റുകയുമുള്ളൂ.
അപ്പോഴണ് എന്റെ തലയിലെ ശാസ്ത്രജ്ഞ പുറത്തുവന്നത്. ലോകത്തിലെ ഒരു മഹാ കണ്ടുപിടുത്തം വെറും ഏഴാം ക്ലാസിൽ പഠിക്കുന്ന ഞാനിതാ കണ്ടെത്തിയിരിക്കുന്നു!
കഴിഞ്ഞ ആഴ്ച ഇക്കാ മൈഡിയർ കുട്ടിച്ചാത്തൻ എന്നത്രീഡി ഫിലിം കണ്ടുതിരിച്ചെത്തിയപ്പോൾ ആരും കാണാതെ അടിച്ചുമാറ്റികൊണ്ടുവന്ന ത്രീഡി കണ്ണടയുടെ കാര്യം എനിക്കോർമ്മവന്നു. ബിന്ദു ടാക്കീസിൽ നവീകരിച്ച കുട്ടിച്ചാത്തൻ കാണാൻ മാമന്റെയൊപ്പം പോയി പടം കണ്ട് ടാക്കീസുകാർ കൊടുത്ത ത്രീഡി കണ്ണട തിരിച്ചുകൊടുക്കാതെ വീരനായി വന്ന കഥ എന്നോട് പറഞ്ഞ് കണ്ണട എനിക്ക് കാണിച്ചുതന്നപ്പോൾ ഞാനൊരുപാട് കരഞ്ഞിട്ടുണ്ട് എന്നെ കൊണ്ടുപോകാത്തതിന്.
പക്ഷേ ഞാനപ്പോൾ ഓർത്തത് അതല്ല. കാണാൻ വലിയ ഭംഗിയൊന്നുമില്ലാത്ത ആകണ്ണട ഇക്കാ ഒന്നുരണ്ട് ദിവസം എല്ലാവരെയും കാണിച്ച് തന്റെ വീരസാഹസകഥ എല്ലാവരെയും അറിയിച്ച് മടുത്തപ്പോൾ എവിടെയോ ഉപേക്ഷിച്ചിട്ടുണ്ട്. അത് കണ്ടെത്തണം.
ഞാൻ തിരഞ്ഞ് തിരഞ്ഞ് അവസാനം ഉമ്മയെ വിളിച്ചു ചോദിച്ചു.
ഉമ്മയുടെ പ്രതികരണം അൽപ്പം ഉച്ചത്തിലായിരുന്നു.
‘എടീ നീ ഇപ്പോഴും കണ്ട കുന്ത്രാണങ്ങളും തിരഞ്ഞ് നടക്കുകയാണോ? മഗ്‌രിബ് വാങ്ക് വിളിച്ചു ചെന്ന് നിസ്കരിക്കാൻ നോക്ക്!’
ഉമ്മ അംഗശുദ്ധിവരുത്തി നിസ്കാരമുറിയിലേക്ക് പോയി.
എന്നിലെ ശാസ്ത്രജ്ഞയെ തിരിച്ചറിയാൻ കഴിവില്ലാത്ത ഉമ്മയുടെ ക്രൂര കൽപ്പനയോട് പ്രതിഷേധത്തോടെയാണെങ്കിലും ഞാനും അംഗശുദ്ധിവരുത്താൻ ബാത്ത്‌റൂമിലേക്ക് കയറി. അപ്പോഴാണത് കണ്ടത്. ബാത്ത്‌റൂമിന്റെ മുകളിലെ കൊച്ചു ജനലിന്റെ മുകളിൽ ദേകിടക്കുന്നു ത്രീഡി.കണ്ണട!.
ഉടനെ ഞാനതെടുത്തുകൊണ്ട് പരീക്ഷണ ശാലയായ എന്റെ റൂമിലേക്കോടി.
കണ്ണടയുടെ ഗ്ലാസ് ഊരിക്കളഞ്ഞ് പകരം ഫ്രോഗർ ഗെയിമിന്റെ സ്ക്രീനിൽ നിന്നും നേരത്തെ ഞാൻ ഊരിവെച്ച എക്സ്‌റേ പോലുള്ള ആപാളി രണ്ടായിമുറിച്ച് ഓരോ ഗ്ലാസിന്റെയും സ്ഥാനത്ത് പിടിപ്പിച്ചു. എന്നിട്ട് കണ്ണട ധരിച്ച് ഗെയിം ഓൺ ചെയ്ത് സ്ക്രീനിലേക്ക് നോക്കി.
അത്ഭുതം! മഹാത്ഭുതം!! കണ്ണട വെക്കുമ്പോൾ മാത്രം തവളകളെ കാണുന്നു. കണ്ണട ഇല്ലാത്തവർക്ക് ഒന്നും വ്യക്തമായി കാണില്ല.
അതെ ഞാനും ഒരു ശാസ്ത്രജ്ഞയായിരിക്കുന്നു!. എന്റെ മഹാകണ്ടുപിടുത്തത്തിന് ഞാൻ ഉടനെ ഒരു പേരുമിട്ടു. ത്രീ.ഡി.ഫ്രോഗർഗെയിം!.
ഇത് ഉമ്മയെയും ഇക്കയെയും കാണിക്കണമെന്ന് കരുതുമ്പോഴാണ് ഉമ്മ ഒരു ഈറ്റപ്പുലിയെപ്പോലെ എന്റെ റൂമിലേക്ക് കയറിവന്നത്.
‘എടീ ഒരുമ്പെട്ടോളെ...... എത്രനേരമായെടീ വാങ്ക് വിളീച്ചിട്ട്? ഇത്‌വരേ നിസ്കരിക്കാതെ നീ ഈപണ്ടാരം കൊണ്ട് കളിക്കുകയാണോ? ഇന്നത്തോടെ ഞാനിത് ശരിയാക്കിത്തരാം!’
ഉമ്മ എന്റെ മഹാകണ്ടുപിടുത്തമെടുത്ത് ജനൽ തുറന്ന് പുറത്തെ സുമംചേച്ചിയുടെ പറമ്പിലേക്കൊരൊറ്റ ഏറ്!
ഞാൻ വാവിട്ടുകരഞ്ഞു. ഉതിർന്നുപോയ ദാഹജലം പോലെ എന്റെ ഒരു മഹാകണ്ടുപിടുത്തം ഇതാ മാലോകർ കാണും മുമ്പെ ജനൽ വഴി പുറത്തേക്കെറിയപ്പെട്ടിരിക്കുന്നു!.
ഉമ്മയുടെ അടുത്ത പടി ചൂരൽ പ്രയോഗമാണെന്ന തിരിച്ചറിവ് കാരണം തൽക്കാലം പ്രതിഷേധ പരിപാടികൾ നിർത്തിവെച്ച് വേഗം നിസ്കരിച്ച് വന്ന് പഠിക്കാനിരുന്നു.
പക്ഷേ പഠിക്കാനൊന്നും തോന്നിയില്ല. മനസ്സ് നിറയെ ഉമ്മയോടുള്ള ദേഷ്യ മായിരുന്നു. പിന്നീടൊരക്ഷരം ഉമ്മയോട് മിണ്ടിയില്ല.
ഉമ്മകാണാത്തതിനാൽ പരീക്ഷണത്തിന്റെ ശേഷിപ്പായി അവശേഷിച്ച ത്രീഡി കണ്ണടയെ നോക്കി ഞാൻ നെടുവീർപ്പിട്ടു.
അന്ന് രാത്രി എനിക്കുറക്കം വന്നില്ല.
എങ്ങിനെയൊക്കെയോ നേരം പുലർത്തി. അൽപ്പം വെളിച്ചം വീണപ്പോൾ അടുക്കളയിലുള്ള ഉമ്മകാണാതെ ഞാൻ സുമംചേച്ചിയുടെ പറമ്പിന്റെ അൽപ്പം പൊളിഞ്ഞ മതിലിന്റെ ഭാഗത്തുകൂടെ ചാടിക്കടന്ന് പറമ്പിലെത്തി.
സുമംചേച്ചിയുടെ വീട് കുറച്ചപ്പുറത്താണ്. തെങ്ങും വാഴയും ചേന,ചേമ്പുകളും നിറഞ്ഞ പറമ്പിന്റെ ഒരറ്റത്ത് സർപ്പക്കാവാണ്. സർപ്പക്കാവിനോട് ചേർന്നാണ് അവരുടെ ആൾമറയില്ലാത്ത കിണർ.
പറമ്പിൽ മുഴുവൻ തിരഞ്ഞെങ്കിലും ഫ്രോഗർ കണ്ടുകിട്ടിയില്ല. കിണറിനടുത്തുള്ള അലക്കുകല്ലുകൾക്കിടയിലോ വാഴകളുടെ കൈകൾക്കിടയിലോ ഒന്നും കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയില്ല. അവസാനം ഞാൻ കിണറിനടുത്തേക്ക് നീങ്ങി. കഷ്ടിച്ച് പതിനഞ്ചടി ആഴമുള്ള ചുറ്റും മണ്ണ് മാത്രമുള്ള ഒരു മൺകുഴി എന്നേ അതിന് പറയാൻ പറ്റുകയുള്ളൂ.
ചുറ്റും ശീമക്കൊന്നകൾ നട്ട് സുമംചേച്ചിയുടെ ഭർത്താവ് രാമകൃഷ്‌ണേട്ടൻ ആൾമറ കെട്ടാനുള്ള പണം ലാഭിച്ചിരിക്കുന്നു. കിണറ്റിലേക്ക് ചാഞ്ഞ ഒരു മുരിക്ക് മരത്തിൽ കപ്പികെട്ടിയാണ് ചേച്ചി വെള്ളം കോരിയിരുന്നത്. തലേന്ന് പെയ്ത മഴയിൽ മണ്ണ് കുതിർന്നു കിടക്കുന്നു. മുള്ള് പോയ ആമുരിക്കിൻ തടിയിലുംശീമക്കൊന്നക്കൊമ്പിലുമെല്ലാം പിടിച്ച് ഞാൻ കിണറ്റിലേക്ക് നോക്കി. വശങ്ങൾ ഇടിഞ്ഞുവീണ് വികൃതമായ ആകിണറ്റിലെ തെളിഞ്ഞ വെള്ളത്തിൽ അതാ പൊങ്ങിക്കിടക്കുന്നു എന്റെ മഹാകണ്ടുപിടുത്തം!.
എന്നാലും ഉമ്മാന്റെ വല്ലാത്ത ഉന്നം തന്നെ! ഇത്രേം സ്ഥലമുണ്ടായിട്ട് അത് ഈകിണറ്റിൽ തന്നെ ചെന്ന് വീണല്ലോ!.
ഞാൻ കിണറ്റിൻകരയിൽ കിടന്ന റബർബക്കറ്റും കയറും കിണറ്റിലേക്കിട്ടു. ഫ്രോഗറിനെ ബക്കറ്റിൽ കയറ്റാൻ ശ്രമമാരംഭിച്ചു.
കിണറിന് ചുറ്റും നടന്ന് കയറ് വലിച്ച് പ്രയത്നം തുടർന്നു. ഒരു ശീമക്കൊന്നയിൽ അമർന്ന് കിണറ്റിലേക്കൽപ്പംകൂടെ തൂങ്ങിനിന്നപ്പോഴാണ് ഫ്രോഗർ ബക്കറ്റിൽ അൽപ്പം കയറാൻ തുടങ്ങിയത്.
പെട്ടെന്നാണത് സംഭവിച്ചത് . ഞാൻ അമർന്ന ശീമക്കൊന്നയും അതിനുകീഴെയുള്ള മണ്ണും ഞാനും കയറുംസഹിതം ദേ കെടക്ക്ണൂ കിണറ്റിൽ!
നിന്ന നിൽപ്പിൽ തന്നെ കിണറ്റിനടിയിലെത്തി. കിണറ്റിലെ ചെളിയിൽ കാൽ മുട്ടോളം പൂണ്ടു. തോളെറ്റം വെള്ളവും!. അനങ്ങാനാവാതെ അവിടെ നിന്നു. അനങ്ങിയാൽ ഇനിയും ചെളിയിൽ താഴുമോ എന്ന് ഞാൻ ഭയപ്പെട്ടു.
ഭയന്ന് വിറച്ച് ഞാൻ ഉച്ഛത്തിൽ കരഞ്ഞു. ഇല്ല എന്റെ ശബ്ദം പുറത്ത് കേൾക്കുന്ന ലക്ഷണമൊന്നുമില്ല.
ഞാൻ കിണറിന് ചുറ്റും നോക്കി. നിറയേ പാമ്പിന്റെ മാളങ്ങൾ! അപ്പുറത്ത് സർപ്പക്കാവാണെന്ന ബോധം എന്റെ സർവ്വ ഞരമ്പുകളേയും തളർത്തി. ഒച്ച വെച്ചാൽ പാമ്പുകൾ പുറത്ത് വരും പാമ്പിന് ചെവിയില്ലെന്ന സത്യമെനിക്കന്നറിയില്ലെന്ന് മാത്രമല്ല ചൂളമടിക്കുന്ന പോലുള്ള ഒച്ചയുണ്ടാക്കിയാൽ വീട്ടിനകത്ത് പോലും പാമ്പ് വരുമെന്ന അന്ധവിശ്വാസവും അന്നെനിക്കുണ്ടായിരുന്നു.
സർപ്പക്കാവിനടുത്ത് ഈ ഒരു ജലസ്രോതസ്സ് മാത്രമേ ഉള്ളൂ. അതുകൊണ്ട് സർപ്പക്കാവിലെ എല്ലാജാതി പാമ്പുകളും ദാഹം തീർക്കാൻ ഇവിടെയെത്താതിരിക്കില്ല. ഏത് സമയവും പുറത്ത് വരാവുന്ന മൂർക്കൻ പാമ്പുകളുടെ തലയും പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ഓരോ മാളത്തിലേക്കും നോക്കി. പാമ്പുകൾക്ക് പെൺകുട്ടികളെ ഇഷ്ടമാണെന്നും ശരീരത്തിൽ കയറിയാൽ പിന്നെ ഇറങ്ങുകയില്ല എന്നുമെല്ലാമുള്ള അന്ധവിശ്വാസങ്ങൾ എന്റെ ചിന്തകളെ കൂടുതൽ ഭയാനകമാക്കിക്കൊണ്ടിരുന്നു.
മരണം എന്റെ കൺമുന്നിൽ നൃത്തമാടി. ഉമ്മയുടെ കോപം എന്നെ ഇതാ ഭൂമിയിൽ വെച്ചുതന്നെ നരകത്തിലെത്തിച്ചിരിക്കുന്നു.
ഉമ്മയുടെ കാലടിക്കീഴിലാണ് സ്വർഗ്ഗം എന്ന് ഉസ്താദ് പഠിപ്പിച്ചിരുന്നു. ഇപ്പോൾ ഉമ്മാക്ക് നരകവും തരാനാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു!
ഭയ ചകിതമായ നിമിഷങ്ങൾ കുറേകഴിഞ്ഞു. സൂര്യ പ്രകാശം കിണറ്റിലേക്ക് നേരിട്ട് പതിക്കാൻ തുടങ്ങി. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഉമ്മ എന്നെ തിരഞ്ഞ് എവിടെയൊക്കെയോ നടക്കുന്നുണ്ടാകും. ഇന്നലെ രാത്രി ചീത്തപറഞ്ഞതിന് പിണങ്ങി ഞാനെവിടെയെങ്കിലും പോയി എന്ന് കരുതി ഉമ്മയും ഇക്കയും ബേജാറാകുന്നുണ്ടാകും.
വിശപ്പാണെങ്കിൽ കലശലാകുന്നുമുണ്ട്. ഉമ്മയുടെ അടിഭയന്ന് ഇന്നലെ രാത്രി കഴിച്ച രണ്ട് ചപ്പാത്തിയും ഇടക്കിടെ കോരിക്കുടിക്കുന്ന കിണറ്റിലെ വെള്ളവും മാത്രമാണ് ആകെവയറ്റിലുള്ളത്. പടച്ചോനേ ഇത്രക്കും വലിയശിക്ഷതരാനായിരുന്നോ നീ ഈ കണ്ടുപിടുത്തം എന്നെക്കൊണ്ട് കണ്ടുപിടിപ്പിച്ചത്? എന്റെ തൊട്ടടുത്ത് പൊങ്ങിക്കിടക്കുന്ന ഫ്രോഗറിനെ ഞാൻ പകയോടെ നോക്കി.
മനം നൊന്ത് ദൈവത്തോട് പ്രാർത്ഥിച്ചു. ഇനിയൊരിക്കലും ഉമ്മപറഞ്ഞതനുസരിക്കാതിരിക്കില്ല, അഞ്ച് നേരവും കൃത്യമായി നിസ്കരിച്ചോളാം പടച്ചോനേ.... എന്നെ ഇതിൽ നിന്നൊന്ന് രക്ഷിക്ക്...
അൽപ്പം കഴിഞ്ഞപ്പോൾ കിണറ്റിന് മുകളിൽ നിന്നൊരു ശബ്ദം കേട്ടു.
`ദേവ്യേ.... ദേ ഈ പെണ്ണിതാ ഈ കെണറ്റില്!’ റസ്യത്താ.......
ഞാൻ മുകളിലേക്ക് നോക്കുമ്പോൾ സുമം ചേച്ചിയാണ്. ഉടനെ അവർ അപ്രത്യക്ഷയായി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ കിണറ്റിന് ചുറ്റും ആള്കൂടി. ഉമ്മ, അപ്പുറത്തെ കാർത്ത്വേച്ചി, അവരുടെ മകൾ ലക്ഷ്മി, ഇക്കാ, രാമകൃഷ്ണേട്ടൻ, സുമം ചേച്ചി, അവരുടെ മക്കൾ ........ഓരോരുത്തരായി ഏന്തിവലിഞ്ഞ് കിണറ്റിലേക്ക് നോക്കുന്നു.
രാമകൃഷ്ണേട്ടൻ എല്ലാവരെ യും ശകാരിക്കുന്നു.
‘ഇങ്ങട് മാറിനിക്കെടീ കെണറിന്റെ വക്ക് ഇടിയും!’
കാർത്ത്വേച്ചിയുടെ ആശ്ചര്യ ചോദ്യവും ഞാൻ കേട്ടു.
‘ഈപെണ്ണെന്തിനാ ഈകെണറ്റിലേക്കെന്നെ വന്നത്?’
‘ഇപ്പഴത്ത പിള്ളേരല്ലേ എന്തൊക്കേ എപ്പൊഴെക്കേ തോന്ന്ണ്ന്നാർക്കറിയാം?’
സുമം ചേച്ചിയുടേതായിരുന്നു നെടുവീർപ്പിന്റെ അകമ്പടിയുള്ള ആമറുപടി.
അൽപ്പസമയത്തിനു ശേഷം രണ്ട് ഏണികൾ കൂട്ടിക്കെട്ടി കിണറ്റിലേക്കിറക്കപ്പെട്ടു.
രാമകൃഷ്ണേട്ടൻ ഏണിയിലൂടെ ഇറങ്ങാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു. `വേണ്ടാ ഞാൻ കയറിക്കോളാം.എനിക്കൊന്നും പറ്റിയിട്ടില്ല‘.
ഞാൻ ഏണിയിലൂടെ വിറച്ചിലോടെ കയറി മുകളിലെത്താറായപ്പോഴാണ് എനിക്കത് ഓർമ്മവന്നത്. ഫ്രോഗർ എടുക്കാൻ മറന്നുപോയി!
ഒരു നിമിഷം ഞാൻ ശങ്കിച്ചുനിന്നു. അപ്പോഴേക്കും മുകളിൽനിന്നും ഒന്നിലധികം ശബ്ദങ്ങൾ ഒന്നിച്ചുകേട്ടു. കേറ് മോളേ... സൂക്ഷിച്ച്!
പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല. വേദനയോടെ ഫ്രോഗറിനെ ഒന്നുംകൂടി നോക്കിക്കൊണ്ട് മുകളിലേക്ക് കയറി.
മുകളിലെത്തിയ എന്നെ സുമം ചേച്ചിയും ഉമ്മയും പിടിച്ചുകയറ്റി. രണ്ടുപേരും ഇരുവശവും പിടിച്ചുകൊണ്ട് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ ഉടനെ ഉമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു!.
‘എന്നാലും ഞാൻ ചെറിയൊരു ചീത്ത പറഞ്ഞതിന് എന്റെ മോൾ ഈപണിചെയ്തല്ലോ......’
എനിക്ക് ചിരിയും അതിലേറെ സങ്കടവും ഒരുമിച്ചു വന്നു.
ഞാൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് എല്ലാവരും കരുതിയതായിരുന്നില്ല എന്റെ സങ്കടം, ആത്മഹത്യ ചെയ്യാൻ ഈ ചെറിയ കിണർ തെരഞ്ഞെടുക്കാൻ മാത്രം വിവരമില്ലാത്തവളായിപ്പോയി ഞാനെന്ന് എല്ലാവരും തെറ്റിദ്ധരിച്ചതിലായിരുന്നു എനിക്ക് വിഷമം.
Thursday, July 30, 2009
Subscribe to:
Post Comments (Atom)

17 comments:
ഒരു പോസ്റ്റ്.
ഏയ്. കാര്യായിട്ടൊന്നൂല്ല്യ.
പണ്ടൊരിക്കൽ ഒരു കിണറ്റിൽ വീണിരുന്നു. അതൊന്ന് ഓർത്തെടുത്തതാണ്.
നല്ല ബെസ്റ്റ് കളറ്......
ഈ കളറ് കണ്ട് ഒരു കുഞ്ഞ് പോലും ഈ വഴിക്ക് വരില്ല....
പ്ലീസ് ഈ കളര്‍ ഒന്ന് മാറ്റൂ.....
പിന്നെ പറയാനുള്ള കമന്റ് ഈ കളര്‍ മാറ്റിയിട്ട് പറയാം...
രസകരായിരിക്കുന്നു.
മുഴുവനങ്ങട്ട് ......... പറ്റിയില്ല ന്നാലും എഴുത്തിന്റെ രീതി കൊള്ളാം.
ഹുറേ..ഹുറേ..കണ്ടുപിടിച്ച സമയം ഇങ്ങനെ വിളിച്ച് കൂവണമെന്നാ ശാസ്ത്ര നിയമം?:)
ബുദ്ധിമുട്ട്/കഷ്ടപ്പാട്/വേദന/അസുഖം, ഈ സമയത്ത് തന്നെയാണ് പടച്ച തമ്പുരാനെ ഓർമ വരിക.
എഴുതുക ഇനിയും. ആശംസകളോടെ, ഒഎബി.
ഹാവൂ, ഇപ്പോഴാ കണ്ണ് കാണുന്നത്, കളറ് മാറ്റ്‌ട്ടാ ഇത്താ.
പിന്നെ, മ്മടെ അടുത്ത വീട്ടിലെ ഒരു കുട്ടി പന്തെടുക്കാന്‍ 21 അടി തഴ്ചയുള്ള കിണറ്റില്‍ വീണു. അളുകള്‍ കൂടി, എടുത്ത്‌പൊക്കി കരക്കെത്തിയപ്പോള്‍ അവന്‍ പറയ്യ്യ. എന്നെ കിണറ്റിലേക്ക് തന്നെ ഇറക്ക്, ഞാന്‍ ഷര്‍ട്ടെടുക്കാന്‍ മറന്നൂന്ന്.
വര്‍ഷങ്ങള്‍ ഒരുപാട് പിന്നോട്ട് നടത്തിയ ഈ പോസ്റ്റിന്, ആശംസകള്‍.
കരീം മാഷ് പറഞത് ശ്രദ്ധിക്കുക.
നന്ദി, രായപ്പൻ
വളപ്പൊട്ടുകളല്ലെ അപ്പോ ഇത്തിരി കളറ് കിടക്കട്ടെ എന്നുകരുതി. അതിങ്ങനെ ഒരു പുലിവാലാകുമെന്ന് കരുതിയില്ല.
മാറ്റി.ഇപ്പോകുഴപ്പോണ്ടോ?
--------------
കരീം മാഷ്
മാഷുടെ അഭിപ്രായം ശരിയാണ്. മുഴുവനായങ്ങട് പറ്റിയിട്ടില്ല.അടുത്തത് നന്നാക്കാൻ ശ്രമിക്കാം അഭിപ്രായത്തിന് വളരെ നന്ദി
--------------
OAB
സത്യത്തിൽ ദൈവത്തെ ഓർക്കാൻ വേണ്ടിയായിരിക്കണം അവൻ ഇതെല്ലാം നമുക്ക് തരുന്നത്. കമന്റിൻ നന്ദി
---------------
മലബാർ എക്സ്പ്രസ്സ്
കളറ് മാറ്റി.
വറ്ഷങ്ങൾ പിന്നോട്ട് നടക്കുമ്പോഴാണ് ജീവിതത്തിന്റെ രസമറിയുന്നത്. അഭിപ്രായത്തിന് നന്ദി.
അനായാസം, രസകരം..
ആശംസകള്‍:)
"ഏത് സമയവും പുറത്ത് വരാവുന്ന മൂർക്കൻ പാമ്പുകളുടെ തലയും പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ഓരോ മാളത്തിലേക്കും നോക്കി"
ഹ ഹ
ആ അവസ്ഥ ആലോചിച്ചിട്ട് കുളിരു കോരുന്നു.
എഴുത്ത് രസകരമായിട്ടുണ്ട്. ആശംസകൾ
പണ്ട് പരീക്ഷണം നടത്തി കുറെ കിട്ടിയിട്ടുണ്ട്, എന്നാല് കിണറില്‍ വരെ എത്താന്‍ ഉള്ള റേഞ്ച് ഇല്ലായിരുന്നു !!
നല്ല പോസ്റ്റ് !
നല്ല അവതരണം...
എഴുത്തിനു സ്വന്തം ശൈലി തന്നെയാണു നല്ലത്. ഇത് ആസ്വദിയ്ക്കാന്‍ കഴിയുന്നുണ്ട്. ഒന്നുരണ്ട് അക്ഷരത്തെറ്റുകളുണ്ടെന്നേയുള്ളൂ... വീണ്ടും വരട്ടെ സംഭവങ്ങള്‍...
രായപ്പന്‍ പറഞ്ഞത് എന്തിനാണെന്നു മനസ്സിലായില്ല. ബ്ലോഗിലെ പോസ്റ്റുകള്‍ വായിയ്ക്കുന്നതിന് ഈ കളറു തടസ്സമാണോ ? വായിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മാറ്റിയാല്‍പ്പോരേ..?
നന്ദി...ബിനോയ്,വശംവദൻ,Captain Haddock, കൊട്ടോട്ടിക്കാരന്‍ എല്ലാവർക്കും നന്ദി.
കൊട്ടോട്ടിക്കാരന്‍ ചൂണ്ടിക്കാണിച്ചതുകൊണ്ട് ഞാൻ പോസ്റ്റ് ഒന്നുകൂടി പരിശോധിച്ച് അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ഇനിയുമുണ്ടെങ്കിൽ ദയവുചെയ്ത് ചൂണ്ടിക്കാണിക്കുക. വളരെ നന്ദി.
ഫ്രോഗർ പറ്റിച്ച പണി.ഒരു മഹാശാസ്ത്രജ്ഞ ആകേണ്ടിയിരുന്ന ആളിനെ അല്ലെ നമുക്ക് നഷ്ട്ടപ്പെട്ടത്.
നല്ല ബെസ്റ്റ് കളറ്......
ഈ കളറ് കണ്ട് ഒരു കുഞ്ഞ് പോലും ഈ വഴിക്ക് വരില്ല....
പ്ലീസ് ഈ കളര്‍ ഒന്ന് മാറ്റൂ.....
പിന്നെ പറയാനുള്ള കമന്റ് ഈ കളര്‍ മാറ്റിയിട്ട് പറയാം...
ദയവായി രായപ്പന്‍ മാഷ് പറഞ്ഞത് ഒന്ന് പരിഗണിക്കൂ.....
:)
കിണറ്റില്‍ നിന്നും പുറത്തെത്തുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ?...
കിണറ്റിലെ ആ നില്പ് ഓർത്ത് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. നന്നായി തവള പിടുത്തം :)
O.T :
എന്തു പറ്റി..കുറെ നാളായല്ലോ വല്ലതും എഴുതിയിട്ട്.. എന്നെപ്പോലെ
നന്നായിട്ടുന്ദ്
Post a Comment